കൊച്ചി: കലാസാംസ്കാരിക രംഗത്ത് സജീവമായിരുന്ന വളഞ്ഞമ്പലം ആശാൻസ് ഭവനത്തിൽ എൻ. ഗോപകുമാർ (69) അന്തരിച്ചു. കേരളത്തിൽ ആദ്യമായി എക്സിബിഷനുകൾ സംഘടിതരൂപത്തിൽ നടത്തിത്തുടങ്ങിയത് അദ്ദേഹമാണ്. 5000 വനിതകളെ ചേർത്ത് തിരുവാതിരക്കളി സംഘടിപ്പിച്ചും വേറിട്ട തുടക്കമിട്ടു. സ്റ്റാലിയൻസ് ഇൻറർനാഷനൽ ക്ലബ് സ്ഥാപിച്ച അദ്ദേഹം അര പതിറ്റാണ്ട് പ്രസിഡൻറും രക്ഷാധികാരിയുമായി തുടർന്നു. ശിശുക്കളുടെ സൗന്ദര്യമത്സരം, പുഞ്ചിരി മത്സരം എന്നിവയും നടത്തി ജനശ്രദ്ധ ആകർഷിച്ചു. പിതാവ് നാരായണനാശാൻ കൊച്ചിയിൽ അഭിഭാഷകനായിരുന്നു. ഭാര്യ: ഷീല (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, എറണാകുളം ടെലിഫോൺസ്). മകൾ: ഗോപിക (പത്രപ്രവർത്തക, ഹിന്ദുസ്ഥാൻ ടൈംസ്). മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഗാന്ധിനഗർ ലയൺസ് ക്ലബ് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം ഉച്ചക്ക് 2.30ന് രവിപുരം ശ്മശാനത്തിൽ.