കരുമാല്ലൂർ: ആലുവ-പറവൂർ റൂട്ടിൽ യു.സി കോളജ് വല്യപ്പൻപടി സ്റ്റോപ്പിന് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി മാട്ടുമ്മൽ വീട്ടിൽ തോമസാണ് (25) മരിച്ചത്. ഇൻഫോ പാർക്ക് ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. പറവൂരിൽനിന്ന് ആലുവക്ക് പോകുകയായിരുന്ന മിനി കുടിവെള്ള ടാങ്കർ ലോറി ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.