കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിൽ യാത്രക്കാരൻ സ്വകാര്യബസ് ഇടിച്ച് മരിച്ചു. പത്തനംതിട്ട മേലേതിൽ പൂഴിക്കാട് മൂക്കൻപാടത്ത് കൃഷ്ണപിള്ളയുടെ മകൻ രാജേന്ദ്രൻപിള്ളയാണ് (57) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7.30ഓടെയാണ് അപകടം.
പിറകിൽ ആളുണ്ടെന്നറിയാതെ ബസ് പിന്നോട്ടെടുത്തപ്പോൾ രാജേന്ദ്രനെ ഇടിക്കുകയും നിലത്ത് വീണപ്പോൾ ദേഹത്തുകൂടി വാഹനം കയറിയതായും ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ രാജേന്ദ്രനെ വൈറ്റില വെൽകെയർ ആശുപത്രിയിലും പിന്നീട് കളമശ്ശേരി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാത്രിയോടെ മരണം സംഭവിച്ചു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ശോഭന. മക്കൾ: രാജിത്, രാഹുൽ.