ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടക്കുസമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപാണ് (22) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിന് കപ്പിയിലുണ്ടായിരുന്ന കയറിലൂടെ ഇറങ്ങുമ്പോൾ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. മാതാവ് ഗീതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അനൂപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ് അടൂരിൽനിന്ന് അഗ്നിരക്ഷാസേന യൂനിറ്റും എത്തിയിരുന്നു. ഡിഗ്രി പഠനശേഷം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയായിരുന്നു അനൂപ്. പിതാവ്: അനിൽ. സഹോദരി: അഞ്ജു.