പെരുമ്പാവൂർ: പെരിയാറിൽ കുളിക്കാനിറങ്ങിയ അന്തർസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. ഉത്തർപ്രദേശ് വാരണാസി സ്വദേശി വിഷ്ണുപ്രസാദ് ചൗരസ്യയുടെ മകൻ അഭിഷേക് കുമാർ ചൗരസ്യയാണ് (22) ഒക്കൽ പഞ്ചായത്തിലെ ഇടവൂർ പാറക്കടവിൽ മുങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഇടവൂരിലെ പ്ലാസ്റ്റിക് കമ്പനിയിൽ തൊഴിലാളിയായിരുന്നു. അപകടം നടന്നയുടൻ പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി.നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പെരുമ്പാവൂർ അഗ്നിരക്ഷാനിലയം ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ എത്തിയ മുങ്ങൽവിദഗ്ധർ രണ്ടുമണിക്കൂറോളം തിരച്ചിൽ നടത്തി. ഇവർക്കൊപ്പം തിരച്ചിലിനിറങ്ങിയ ഒക്കൽ ചേലാമറ്റം സ്വദേശി സ്റ്റീഫനാണ് മൃതദേഹം മുങ്ങിയെടുത്ത്. പോസ്റ്റ്മോർട്ടത്തിനായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.