മട്ടാഞ്ചേരി: കൊച്ചിയിലെ വ്യവസായ പ്രമുഖനും മലഞ്ചരക്ക് കയറ്റുമതി സ്ഥാപനങ്ങളുടെ ഉടമയുമായ ടി. വിദ്യാസാഗർ (64) നിര്യാതനായി. താരാ സ്പൈസസ്, സൗത്ത് ഇന്ത്യ പ്രൊഡ്യൂസ് കമ്പനി, ഡബബി ഫുഡ്സ്, സിസ്കോ മസാല തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിയാണ്. മലഞ്ചരക്ക് കയറ്റുമതി മേഖലയിൽ കേന്ദ്ര ഏജൻസികളുടേതടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുരുമുളക് അവധി വ്യാപാരത്തിലെ കേന്ദ്ര ഏജൻസി ഫസ്റ്റ് കമോഡിറ്റി ക്ലിയറിങ് എക്സ്ചേഞ്ച് ചെയർമാൻ, സ്പൈസസ് ബോർഡ് അംഗം, കൊച്ചി തുറമുഖ ട്രസ്റ്റ് ബോർഡ് പ്രതിനിധി, ഇന്ത്യ സ്പൈസസ് ട്രേഡ് അസോസിയേഷൻ പ്രസിഡൻറ്, ഓൾ ഇന്ത്യസ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം ഭാരവാഹി, ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ്, വൈശ്യ സമാജ് ആത്മീയപീഠ ഹൾദിപൂർ ശ്രീകൃഷ്ണമഠം പ്രസിഡൻറ്, കൊച്ചിൻ കോളജ് മാനേജർ, അമരാവതി ജനാർദന ക്ഷേത്രം മാനേജിങ് ട്രസ്റ്റി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ലക്ഷ്മി വിദ്യാസാഗർ. മക്കൾ: ധനജ്ജയ് (വിയറ്റ്നാം), ധർത്തി. മരുമകൾ: ന്യൂഹ (വിയറ്റ്നാം). സംസ്കാരം ഞായറാഴ്ച രണ്ടിന് ഫോർട്ട്കൊച്ചി വെളി ശ്മശാനത്തിൽ.