വെള്ളമുണ്ട: മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ വയനാട് വെള്ളമുണ്ട എട്ടേനാലിലെ കൈപ്പാണി അബൂബക്കർ ഫൈസി (73) നിര്യാതനായി. വ്യാഴാഴ്ച രാത്രി എട്ടരയോടെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി നിരവധി ശിഷ്യഗണങ്ങളുള്ള അബൂബക്കർ ഫൈസി സമസ്ത കേരള സുന്നി യുവജന സംഘത്തിെൻറ ആദ്യകാല സംഘാടകരിൽ പ്രധാനിയായിരുന്നു. വെള്ളമുണ്ട, കെല്ലൂർ അഞ്ചാംമൈൽ, മുയിപ്പോത്ത്, ഉരുളിക്കുന്ന്, കത്തറമ്മൽ, ഒടുങ്ങാക്കാട്, കൂരാച്ചുണ്ട്, മാനന്തവാടി ജുമാമസ്ജിദുകളിലായി അഞ്ചു പതിറ്റാണ്ടോളം അധ്യാപകനായിരുന്നു. നിലവിൽ സമസ്ത വയനാട് ജില്ല ജനറൽ സെക്രട്ടറിയും ദാറുൽ ഫലാഹിൽ ഇസ്ലാമിയ്യ പ്രിൻസിപ്പലുമാണ്. കൽപറ്റ ദാറുൽ ഫലാഹിൽ ഇസ്ലാമിയ്യ, മാനന്തവാടി മുഅസ്സസ കോളജ്, വെള്ളമുണ്ട അൽഫുർഖാൻ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.
ഭാര്യ: കുറ്റിപ്പുറവൻ നഫീസ. മക്കൾ: മുഹമ്മദലി, അനസ്, അനീസ, മുബീന, തുഹ്റ, നുസൈബ, മരുമക്കൾ. ഹാഫിള് സജീർ, ജാഫർ, ബഷീർ, ഷൗക്കത്തലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെള്ളമുണ്ട എട്ടേനാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.