ഗാന്ധിനഗർ (കോട്ടയം): മൂന്നു ദിവസം മുമ്പ് മാന്നാനത്തെ വീട്ടിൽനിന്ന് കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്നിലയിൽ കണ്ടെത്തി. അതിരമ്പുഴ മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലിൽ വീട്ടിൽ രാജഗോപാലാചാരിയുടെ (റിട്ട. മാനേജർ, എസ്.ബി.ഐ) മകൻ കെ.ആർ. പ്രശാന്താണ് (43 ) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ആർപ്പൂക്കര കസ്തൂർബ ജങ്ഷന് സമീപമാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി. ഫയർഫോഴ്സിെൻറ സഹായത്തോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചത് പ്രശാന്താണെന്ന് തിരിച്ചറിഞ്ഞത്. മൂന്നു ദിവസം മുമ്പാണ് പ്രശാന്തിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം പ്രശാന്ത് യാത്ര പേകാറുണ്ടായിരുന്നു. ഇത്തരത്തിൽ പോയതാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. രണ്ടു ദിവസം കഴിഞ്ഞിട്ടും കാണാത്തതിനാൽ ഞായറാഴ്ച രാത്രി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. മാതാവ്: ഇന്ദിര. ഭാര്യ: സെൽവി. മകൾ: ആവണി. സംസ്കാരം ചൊവ്വാഴ്ച.