കട്ടപ്പന/ചേര്‍ത്തല: കനാലിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇടുക്കി, ആലപ്പുഴ സ്വദേശികൾ ഉൾപ്പെടെ മൂന്ന് മലയാളികൾ തെലങ്കാനയിൽ മുങ്ങിമരിച്ചു. കുട്ടി രക്ഷപ്പെട്ടു. ബംഗളൂരുവിലെ ആയുർവേദ കമ്പനി ജീവനക്കാരാണ് തെലങ്കാനയിലെ കമ്മം ജില്ലയിൽ ഞായറാഴ്ച വൈകീട്ട് അപകടത്തിൽപെട്ടത്. ഇടുക്കി കാഞ്ചിയാർ കക്കാട്ടുകട തോട്ടക്കാട്ട്മഠത്തിൽ ഓമനക്കുട്ടെൻറ മകൻ വിവേക് (22), ആലപ്പുഴ വയലാര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് കണ്ടനാട്ട് സന്തോഷിെൻറ മകന് അഭയ് (26) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട കുട്ടിയുടെ പിതാവും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ മലയാളിയാണ് മരിച്ച മൂന്നമത്തെയാൾ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി മാനേജറായ ആയുർവേദ കമ്പനിയിൽ തെറപ്പിസ്റ്റുകളാണ് വിവേകും അഭയ്യും. കമ്മം ജില്ലയിൽ കനാൽ സന്ദർശിക്കാൻ എത്തിയ സംഘത്തിലെ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച പിതാവും മുങ്ങിത്താഴ്ന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തിൽപെട്ടത്. കുട്ടിയെ മറ്റുള്ളവർ രക്ഷിച്ചെങ്കിലും പിതാവുൾപ്പെടെ മൂവെരയും കാണാതായി.എൻ.ഡി.ആർ.എഫ്സംഘം നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. വിവേകിെൻറയും അഭയ്യുടെയും മൃതദേഹങ്ങൾ ബുധനാഴ്ച വീട്ടിലെത്തിക്കും. വിവേകിെൻറ മാതാവ്: സുഭദ്ര. സഹോദരങ്ങൾ: വിശാഖ്, വിദ്യ. അഭയ്യുടെ മാതാവ്: അമ്പിളി. സഹോദരന്: അക്ഷയ് സന്തോഷ്.