തിരൂരങ്ങാടി: കവുങ്ങിൽനിന്ന് വീണ് ബിരുദ വിദ്യാർഥി മരിച്ചു. കരുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽ ഹമീദിെൻറ മകൻ ആനിഹ് (21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇശാഅത്തുൽ ഇസ്ലാം അറബിക് കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിയാണ്.
ബുധനാഴ്ച രാവിലെ കോളജിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അയൽവാസിയുടെ കവുങ്ങിൽ അടയ്ക്ക പറിച്ച് നൽകുന്നതിനായി കയറിയതായിരുന്നു. പൊട്ടിവീണ കവുങ്ങിനൊപ്പം നിലത്തേക്ക് പതിച്ച ആനിഹിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. എം.എസ്.എം കരുമരക്കാട് ശാഖ സെക്രട്ടറിയും യൂനിവേഴ്സിറ്റി മണ്ഡലം ഭാരവാഹിയുമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഖബറടക്കും. മാതാവ്: കെ.എം. റംല. സഹോദരങ്ങൾ: ഹാഷിം, ഹിബ.