കോട്ടയം: പാലത്തിെൻറ കൈവരിയിൽ ബൈക്കിടിച്ച് തോട്ടിൽ വീണ് യുവാവ് മരിച്ചു. മണർകാട് കാവുംപടി തേക്കുംകുന്നേൽ ചന്ദ്രബോസിെൻറ മകൻ ടി.സി. അരവിന്ദാണ് (20) മരിച്ചത്. ക്രിസ്മസ് രാത്രി ഉണ്ടായ അപകടം ആരും അറിയാതിരുന്നതിനാൽ പരിക്കേറ്റ് രാത്രി മുഴുവൻ തോട്ടിൽ വീണുകിടന്നാണ് മരിച്ചത്. മാലം പാലം ജങ്ഷനു സമീപമുള്ള വലിയ പാലത്തിൽ ശനിയാഴ്ച രാത്രി 12ഓടെയാണ് അപകടം. പൂതിരിയിലുള്ള സുഹൃത്തിെൻറ സഹോദരിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തശേഷം ഒറവയ്ക്കൽ ഭാഗത്തുനിന്ന് കാവുംപടിയിലെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് വിവാഹ വീട്ടിലാകുമെന്ന് വീട്ടുകാരും കരുതി. രാത്രി ഈ വഴി പോയവർ വാഹനം മറിഞ്ഞുകിടക്കുന്നത് കണ്ടെങ്കിലും യുവാവ് തോട്ടിൽ വീണത് അറിഞ്ഞില്ല. രാവിലെ ഇതുവഴി എത്തിയവർ പരിശോധിച്ചപ്പോഴാണ് അരവിന്ദ് പത്തടിയിലധികം താഴെ തോട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പാമ്പാടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം തോട്ടിൽനിന്നെടുത്തു. വീഴ്ചയിൽ കാലിലും തലക്കും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അരവിന്ദ് പേരൂർ സ്പെയർ പാർട്സ് കടയിലെ ജീവനക്കാരനാണ്. മാതാവ്: സന്ധ്യ. സഹോദരൻ: ആദിത്യൻ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് മണർകാട് എസ്.എൻ.ഡി.പി ശാഖ ശമ്ശാനത്തിൽ.