കോട്ടയം: സഞ്ചയനചടങ്ങിനുശേഷം മടങ്ങുന്നതിനിടെ കുമരകത്ത് വെള്ളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു. കുമരകം 16ാം വാർഡിൽ തെക്കെ ആഞ്ഞിലിപ്പറമ്പിൽ ജയകുമാറാണ് (പാപ്പ -71) മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. തെള്ളായിരത്തിലെ ബന്ധുവീട്ടിൽനിന്ന് മടങ്ങുന്നതിനിടെ വിരുപ്പുകാല മാഞ്ചിറ പാലത്തിനു സമീപം വെള്ളത്തിൽ വീഴുകയായിരുന്നു. മാഞ്ചിറ പാലം നിർമാണം നടക്കുന്നതിനാൽ പഴയ ജങ്കാറും തകിടുകളും ഉപയോഗിച്ചുള്ള താൽക്കാലിക നടപ്പാതയാണ് നിലവിലുള്ളത്. ഇതിലൂടെ സഞ്ചരിക്കുന്നതിനിടെ കാലുതെറ്റി വെള്ളത്തിൽ വീഴുകയായിരുന്നു. മകൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ കൂടെയുണ്ടായിരുന്നെങ്കിലും ഇവർ മുന്നിലായിരുന്നതിനാൽ ജയകുമാർ വെള്ളത്തിൽ വീണത് അറിഞ്ഞില്ല. ഏറെ കഴിഞ്ഞിട്ടും കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിൽ ചെരിപ്പ് വെള്ളത്തിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തോട്ടിൽ നടത്തിയ തിരച്ചിലിൽ ജയകുമാറിനെ കണ്ടെത്തി. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: വേളൂർ അകംപാടത്തുചിറ കുടുംബാംഗം ജയശ്രീ (മേരി). മക്കൾ: ശ്യാംകുമാർ, ഉദയകുമാർ. മരുമക്കൾ: വിനീത (തലയോലപറമ്പ്), ഷീജ ( പാണാവള്ളി ).