പാലാ: പുതുവര്‍ഷപ്പുലരിക്ക് മണിക്കൂർമുമ്പ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നിര്‍ത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് കടനാട് മഠത്തിപ്പറമ്പില്‍ അജയന് (40) മരിച്ചു. പാലാ-തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളി പാലത്തിനു സമീപം 31ന് രാത്രി 11നായിരുന്നു അപകടം. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പാലാ പൊലീസെത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിച്ചു. കട്ടപ്പന സ്വദേശിയായ അജയന് വര്‍ഷങ്ങളായി വല്യാത്ത്, കടനാട് ഭാഗങ്ങളില്‍ വാടകക്ക് താമസിച്ചുവരുകയാണ്. ലോഡിങ്, കൂലിപ്പണി തൊഴിലാളിയാണ്. മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം കട്ടപ്പനയിലേക്ക് കൊണ്ടുപോയി.