കോലഞ്ചേരി: സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ. യോഹന്നാൻ (85) അന്തരിച്ചു. വാർധക്യസഹജ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു. രാജഗിരി ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 3.45ഓടുകൂടിയാണ് അന്ത്യം സംഭവിച്ചത്. 17ാം വയസ്സുമുതൽ സുവിശേഷപ്രവൃത്തിയിൽ വ്യാപൃതനായിരുന്നു. മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന സന്ദേശവുമായി 1973ൽ അദ്ദേഹം ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് സ്ഥാപിച്ചു. നൂറിലധികം സുവിശേഷ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ മേച്ചങ്കര യോയാക്കി-മറിയാമ്മ ദമ്പതികളുടെ മകനായി 1935 ലാണ് ജനിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് അധ്യാപകനും പ്രിൻസിപ്പലുമായിരുന്നു. ഭാര്യ: ആലീസ് ജോൺ (റിട്ട.അധ്യാപിക). മക്കൾ: ഡോ. ഐസക് ജോൺ, ജോസഫ് ജോൺ, മേരി മോൾ, തോമസ് ജോൺ (എം.ഡി, അഗാപ്പെ ഡയഗ്നോസ്റ്റിക്). സംസ്കാരം പിന്നീട് വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.