തൃപ്പൂണിത്തുറ: ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ നിയന്ത്രണം വിട്ട വാനിടിച്ച് യുവതി മരിച്ചു. കരിങ്ങാച്ചിറയിൽ വാടകക്ക് താമസിക്കുന്ന രാജേന്ദ്രന്റെ ഭാര്യ ലാലിയാണ് (47) മരിച്ചത്. പോസ്റ്റ് ഓഫിസ് ജങ്ഷനുസമീപം ഇവർ തട്ടുകട നടത്തിവരുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 3.45നാണ് സംഭവം. കാക്കനാട് ഭാഗത്തുനിന്നെത്തിയ വാൻ ട്രെയിലർ ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിൽനിന്ന ലാലിയെ തട്ടിത്തെറിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.