കുട്ടനാട്: കൈനകരി ഗ്രാമപഞ്ചായത്ത് 10ാം വാർഡ് തോട്ടുവാത്തല വെട്ടിപറമ്പ് വീട്ടിൽ സതീശൻ (61) പാടശേഖരത്തിൽ വീണുമരിച്ചു. തിങ്കളാഴ്ച ഇരുമ്പനം പാടശേഖരത്തിലെ മോട്ടോർ തറയുടെ കുഴിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പാടശേഖരത്തിന്റെ മോട്ടോർ ഡ്രൈവറാണ് ഇദ്ദേഹം. വൃത്തിയാക്കാനും അറ്റകുറ്റപ്പണിക്കും സ്ഥിരമായി മോട്ടോർ തറയുടെ കുഴിയിൽ ഇറങ്ങുന്ന ആളാണ്. തിങ്കളാഴ്ച ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്താത്തതിനെത്തുടർന്ന് ഭാര്യ ശ്യാമള തിരക്കി ഇറങ്ങിയെങ്കിലും കണ്ടെത്താനായില്ല. മോട്ടോർ തറക്ക് സമീപം ഊരിവെച്ച വസ്ത്രങ്ങൾ കണ്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുഴി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: ശ്യാം കുട്ടൻ, സനു. മരുമകൾ: ശിൽപ.