തലയോലപ്പറമ്പ്: പാലാംകടവ് പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയായ പുളിവിള പുത്തൻവീട്ടിൽ തമ്പിയുടെ മകൻ ടി. അരവിന്ദാണ് (21) മരിച്ചത്. കടുത്തുരുത്തിയിൽ സ്വകാര്യ കമ്പനിയിൽ അഭിമുഖത്തിനായി എത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. അഭിമുഖം കഴിഞ്ഞ് തിരുവനന്തപുരം സ്വദേശികളായ നാലംഗസംഘം ഭക്ഷണം കഴിച്ചശേഷം പാലാംകടവ് പാലത്തിനടിയിൽ വിശ്രമിക്കുകയായിരുന്നു. അതിനിടെ നീന്തൽ അറിയാവുന്ന അരവിന്ദ് മാത്രം കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് അരവിന്ദ് വെള്ളത്തിലേക്ക് താണുപോകുന്നത് കണ്ട് സുഹൃത്തുക്കൾ ബഹളംവെച്ച് നാട്ടുകാരെ കൂട്ടി. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐ വി.വിദ്യയുടെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തിരച്ചിൽ നടത്തി 11.15 ഓടുകൂടി അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തി. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.