കോട്ടയം: സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനും മധുര കാമരാജ് യൂനിവേഴ്സിറ്റി മലയാള വിഭാഗം മുൻ മേധാവിയും മലങ്കരസഭാ മുൻ മാനേജിങ് കമ്മിറ്റി അംഗവുമായ ഡോ. സി.ജെ. റോയ് (87) നിര്യാതനായി. പുതുപ്പള്ളി ചാത്തമ്പടം ജോസഫിന്റെ മകനായി 1935 ജൂലൈ 13ന് ജനിച്ചു. കേരള യൂനിവേഴ്സിറ്റിയിൽനിന്ന് മലയാളം, ഭാഷാശാസ്ത്രം വിഷയങ്ങളിൽ എം.എ ബിരുദം സമ്പാദിച്ചു. 1970ൽ ഭാഷാശാസ്ത്രത്തെക്കുറിച്ച ഗവേഷണ പഠനത്തിന് കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു. പത്രപ്രവർത്തനം നടത്തിയ ശേഷം കോളജ് ലെക്ചററായി. മധുര കാമരാജ് യൂനിവേഴ്സിറ്റി മലയാളവിഭാഗം സ്ഥാപകനും ഡയറക്ടറുമായിരുന്നു. മലയാളത്തിൽ നാലുഗ്രന്ഥവും ഇംഗ്ലീഷിൽ മൂന്നുഗ്രന്ഥവും രചിച്ചു. എ.ആർ. രാജരാജവർമയുടെ ‘കേരളപാണിനീയം’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ചെയർമാൻ, മെംബർ എന്നീ നിലകളിൽ നിരവധി അക്കാദമിക് സമിതികളിലും വിവിധ സാംസ്കാരിക സംഘടനകളുടെ അധ്യക്ഷനായും പ്രവർത്തിച്ചു. ഭാര്യ: സൂസൻ (റിട്ട.എച്ച്.എം മധുര). മക്കൾ: സുനിൽ (ദുബൈ), ഡോ. അനിൽ (ആസ്ട്രേലിയ), ഡോ. ബിന്ദു (സയന്റിസ്റ്റ്, റബർ ബോർഡ്, കോട്ടയം). മരുമക്കൾ: ഐഷ കായംകുളം, സ്മിത കോഴഞ്ചേരി, അനീഷ് ചെങ്ങന്നൂർ. സംസ്കാരം പിന്നീട്.