കാക്കനാട്: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ബിരുദ വിദ്യാർഥി മരിച്ചു. പട്ടാമ്പി ശങ്കരമംഗലത്തെ പരേതനായ അലീക്കൽ വീട്ടിൽ അബ്ദുൽ അസീസിന്റെ മകൻ ദിൽഷാദാണ് (20) മരിച്ചത്. തൃക്കാക്കര കെ.എം.എം കോളജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർഥിയാണ്. ദിൽഷാദിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കായംകുളം സ്വദേശി പാർത്ഥിവിന് (20) ഗുരുതര പരിക്കേറ്റു. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജി ജങ്ഷന് സമീപം തിങ്കളാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. പാർട്ട്ടൈമായി ഓൺലൈൻ ഭക്ഷണവിതരണം നടത്തിയിരുന്ന ഇവർ ജോലികഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടം. എതിർദിശയിൽ നിയന്ത്രണംവിട്ട് വന്ന കാർ ദിൽഷാദ് ഓടിച്ച ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിൽഷാദിനെ രക്ഷിക്കാനായില്ല. കാർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഫൗസിയയാണ് ദിൽഷാദിന്റെ മാതാവ്. സഹോദരങ്ങൾ: ദിൽഷാന, ദിൽറുബ. ഖബറടക്കം ശങ്കരമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.