കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല രാജ്യാന്തര പഠനവിഭാഗം മേധാവിയും അധ്യാപകനുമായിരുന്ന ഡോ. രാജു കെ. താടിക്കാരൻ (66) നിര്യാതനായി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. 30 വർഷത്തെ സേവനത്തിനുശേഷം 2016ലാണ് സർവകലാശാലയിൽനിന്ന് വിരമിച്ചത്. യു.ജി.സി സഹായത്തോടെ സർവകലാശാലയിൽ ആരംഭിച്ച ‘സമകാലിക ചൈനീസ് പഠന’ വിഭാഗത്തിന്റെ സ്ഥാപക ഡയറക്ടറാണ്.
സർവകലാശാലയിലെ അന്തർദേശീയ സഹകരണകേന്ദ്രം സ്ഥാപക ഡയറക്ടർ, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് കോഓഡിനേറ്റർ, സെനറ്റ് അക്കാദമിക് കൗൺസിൽ അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ചൈനയിലെ ജിനാൻ നാഷനൽ സർവകലാശാലയിലും കാനഡയിലെ മക്ഗിൽ സർവകലാശാലയിലും വിസിറ്റിങ് ഫെലോ ആയും അമേരിക്ക, ദക്ഷിണ കൊറിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ അക്കാദമിക് സംരംഭങ്ങളിലും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. യു.ജി.സി, ഐ.സി.എസ്.എസ്.ആർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി പ്രോജക്ടുകൾ അവതരിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല അധ്യാപക സംഘടന പ്രസിഡന്റായിരുന്നു.
കോട്ടയം ചിലമ്പത്ത് കുടുംബാംഗമായ ഷേർളിയാണ് ഭാര്യ. മകൻ: മനു താടിക്കാരൻ (നിയമകാര്യ വിദഗ്ദ്ധൻ, പാരീസ്). സഹോദരങ്ങൾ: ജോളി താടിക്കാരൻ (ദൽഹി), ജോഷി താടിക്കാരൻ (ജനീവ), മിനി, മോളി, ഷീല, സോഫി.
ഭൗതികശരീരം വ്യാഴാഴ്ച ഉച്ചക്കുശേഷം കോട്ടയത്തെ വസതിയിൽ എത്തിക്കും. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് തൃശൂർ വെണ്ണൂർ-അന്നമനട സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.