അങ്കമാലി: തടി കയറ്റാനെത്തിയ എക്സ്കവേറ്റർ കയറി വാഹനത്തിന്റെ സഹായിയായ യുവാവ് മരിച്ചു. ചാലക്കുടി അതിരപ്പിള്ളി വെറ്റിലപ്പാറ പുളിക്കോട്ടുപറമ്പിൽ വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. അഖിലാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ 9.15ഓടെ തുറവൂർ വാതക്കാട് മംഗലി ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം. എക്സ്കവേറ്ററിന്റെ സഹായിയായിരുന്നു അഖിൽ. പിന്നിൽ നിന്ന് സൈഡ് പറഞ്ഞ് കൊടുക്കുന്നതിനിടെ ചെരുപ്പുതെന്നി വീണ അഖിലിന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങി. എക്സ്കവേറ്ററിലെ ഓപറേറ്റർ സംഭവമറിഞ്ഞില്ല. അവശനിലയിലായ അഖിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മിനി. സഹോദരൻ: അരുൺ. അങ്കമാലി പൊലീസ് നടപടി സ്വീകരിച്ചു.