മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി കോഴിക്കോട് പൂനൂര് ഫാത്തിമ എസ്റ്റേറ്റില്‍ താമസിക്കുന്ന പത്മനാഭനാണ് (51) മരിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ച രണ്ടോടെ ശുചിമുറിയിലേക്ക് പോയ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് മൃതദേഹം കണ്ടത്. ആറാം വാർഡിലെ ശുചിമുറിയിലേക്കുള്ള ഇടനാഴിയിൽ ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഹുക്കിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രി 12ന് ജീവനക്കാർ വാർഡിൽ എത്തിയപ്പോൾ പത്മനാഭൻ ഉറങ്ങുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ 10ന് എടവണ്ണ ഒതായി കുരിക്കലമ്പാടുവെച്ചാണ് പത്മനാഭനെ ബൈക്കിടിച്ചത്. ഇടതുകാലിന് സാരമായി പരിക്കേറ്റതിനാല്‍ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ബന്ധുക്കളാരും എത്താത്തതിനാല്‍ ബൈക്കോടിച്ച സാലിഹ് ആണ് കൂടെയുണ്ടായിരുന്നത്. പകൽ സമയങ്ങളിൽ കൂട്ടിരുന്നതും ഭക്ഷണം എത്തിച്ച് നൽകിയിരുന്നതും സാലിഹ് തന്നെ ആയിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രിയില്‍ ഇയാള്‍ വീട്ടിലേക്കുപോയ സമയത്താണ് സംഭവം. പത്മനാഭന് നാലു വര്‍ഷത്തോളമായി ഒറ്റക്ക് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ബന്ധുക്കളെ കുറിച്ച് അറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.