മൂവാറ്റുപുഴ: ഫുട്ബാൾ പരിശീലകൻ കിഴക്കേക്കര ആടുകുഴിയില്‍ എ.ടി. ജോണ്‍ (റിട്ട. എയർഫോഴ്സ് -75) നിര്യാതനായി. കേരള സ്പോർട്സ് കൗൺസിൽ പരിശീലകനായിരുന്നു. സർവിസസ് ടീമിലെ മുൻനിര കളിക്കാരനായിരുന്ന ജോൺ പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് പരിശീലനം നേടിയ ശേഷം 1979ൽ ടി.കെ. ചാത്തുണ്ണിയോടൊപ്പം കേരള സന്തോഷ് ട്രോഫി ടീമിന്റെ പരിശീലകനായി. എയർഫോഴ്സ് ഫുട്ബാൾ ടീമിനും പരിശീലനം നൽകിയിട്ടുണ്ട്. പിന്നീട് കേരള സ്പോർട്സ് കൗൺസിലിൽ എത്തിയ ഇദ്ദേഹം ഇടുക്കി ഡിസ്ട്രിക്ട് സ്പോർട്സ് ഓഫിസറായിരുന്നു. സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഫുട്ബാൾ ടീമുകൾ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മുതിർന്ന ഫുട്ബാൾ താരങ്ങൾക്കൊപ്പം കളിക്കുകയും ഒട്ടേറെ പേർക്ക് പരിശീലനം നൽകുകയും ചെയ്തു. മൂവാറ്റുപുഴയിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: മാറാടി തൂപ്പുങ്കര കുടുംബാംഗം ചിന്നമ്മ. മക്കൾ: സ്വപ്ന (നഴ്സ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), സീന (ഖത്തർ), സോന (സൗദി). മരുമക്കൾ: സെബി, തോമസ് (ഖത്തർ), ടിനു (സൗദി). സംസ്കാരം പിന്നീട്.