കോതമംഗലം: പാസ്പോർട്ട് ഓഫിസിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെ നേര്യമംഗലത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി വെള്ളത്തൂവൽ സ്വദേശി മേക്കോത്ത് പുത്തൻപുരയിൽ സുബൈർ-ഷിംന ദമ്പതികളുടെ മകൻ മുഹമ്മദ് ഷായാണ് (22) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11.30ന് കൊച്ചി-മധുര ദേശീയപാതയിൽ നേര്യമംഗലം നീണ്ടപാറ ജങ്ഷനിലാണ് അപകടം. ആലുവ പാസ്പോർട്ട് ഓഫിസിൽനിന്ന് മടങ്ങിയ മുഹമ്മദ് ഷാ സഞ്ചരിച്ച ബൈക്ക് എതിരെവന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം വെള്ളിയാഴ്ച തെക്കേ ശല്യംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. സഹോദരൻ: ഷിദാദ്.