കോട്ടയം: നാട്ടകം മറിയപ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിൽ എസ്.എഫ്.ഐ നേതാവായ കോളജ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നാട്ടകം ഗവ. കോളജ് ബി.എ ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർഥിയും എരുമേലി നടുപ്പുരക്കൽ എൻ.കെ. വിനോദിന്റെ മകനുമായ ആകാശ് വിനോദാണ് (20) മരിച്ചത്. നാട്ടകം ഗവ. കോളജ് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വരുമ്പോൾ ആകാശിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദിവസങ്ങളായി ആകാശ് മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു. മാതാവ്: അശ്വതി. സഹോദരൻ: ആഘോഷ്. സംസ്കാരം പിന്നീട്.