ആലപ്പുഴ: സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കളർകോട് യു.പി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ തിരുവമ്പാടി ഇരവുകാട് ഭജനശാലവേദി (കൊമ്പത്താംപറമ്പിൽ) വീട്ടിൽ ജയമോൻ-ഷീബ ദമ്പതികളുടെ മകൾ ദയ ജയമോനാണ് (11) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ദയയുടെ പിതൃസഹോദരൻ കലവൂർ കൊമ്പത്താൻപറമ്പിൽ വീട്ടിൽ രതീഷ് പണിക്കർ (38) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് 6.45ന് ബൈപാസിൽ ചങ്ങനാശ്ശേരി മുക്കിന് പടിഞ്ഞാറെ ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ആദ്യം മോട്ടോർസൈക്കിളിൽ ഇടിച്ചശേഷം ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ദയയും രതീഷും റോഡിൽ തെറിച്ചുവീണു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ ദയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഞായറാഴ്ച ഉച്ചക്ക് 2.45ന് മരിച്ചു. തിങ്കളാഴ്ച്ച പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് മരണം. കോതമംഗലം സ്വദേശികളായ വനിതകളാണ് കാറിലുണ്ടായിരുന്നത്. കാർ സൗത്ത് പൊലീസ് കസ്റ്റഡിയിലാണ്. ദയയുടെ ഏകസഹോദരി: ദിയ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ സംസ്കരിക്കും.