ചെങ്ങന്നൂർ: യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. പിന്നിലിരുന്നയാൾക്ക് ഗുരുതരപരിക്ക്. ബൈക്കോടിച്ച ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ അമൃതം വീട്ടിൽ ടി.കെ. ശശിയുടെ മകൻ ആരോമലാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ പുത്തൻ തറയിൽ വിഷ്ണു വിജയൻ (21) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ചെങ്ങന്നൂർ ആൽത്തറ ജങ്ഷനു സമീപ പെട്രോൾ പമ്പിലെ ജീവനക്കാരായിരുന്നു. രാത്രി ഡ്യൂട്ടിക്ക് പമ്പിലേക്ക് പോകുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെ പുലിയൂർ പേരിശ്ശേരി - ആലാ ഓട്ടാഫിസ് റോഡിൽ നെടുവരംകോട് ചെറിയനാട് എസ്.എൻ. കോളജ് ജങ്ഷനു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ സൂചന ബോർഡിൽ തട്ടിയശേഷം മതിലിലിൽ ഇടിച്ചെന്ന് പൊലീസ് പറഞ്ഞു. ആരോമലിന്റെ മൃതദേഹം കൊല്ലകടവിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. മാതാവ്: മണിയമ്മ. സഹോദരങ്ങൾ: അഖിൽ, അമൽ, അമൃത.