കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി കരാർ ജീവനക്കാരന് ദാരുണാന്ത്യം. ഏറ്റുമാനൂർ തണ്ടക്കുളം വീട്ടിൽ രാജപ്പന്റെ മകനും തൃശൂർ പുന്നയൂർക്കുളത്ത് താമസക്കാരനുമായ ടി.ആർ. ഷാന്റിയാണ് (52) മരിച്ചത്. തിങ്കളാഴ്ച 12.30ന് മാഞ്ഞൂരിലായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷാന്റി കാറിലിടിച്ചശേഷം റോഡിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ മുട്ടുചിറ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യക്കും മകനുമൊപ്പം ഷാന്റി പുന്നയൂർക്കുളത്താണ് താമസിക്കുന്നത്. എട്ടുമാസമായി കെ.എസ്.ഇ.ബി കരാർ ജോലിയുമായി മൂലമറ്റത്തായിരുന്നു. അതിനാൽ കുടുംബവീടായ ഏറ്റുമാനൂരിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച ജോലിസംബന്ധമായ ആവശ്യത്തിനായി പോയിമടങ്ങിവരവേയാണ് അപകടം. കൊല്ലം അഞ്ചൽ സ്വദേശിയായ കാർയാത്രികന് നിസ്സാര പരിക്കേറ്റു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: സതി. ഭാര്യ: ഷൈല. ഏകമകൻ: അഖിൽ. സംസ്കാരം പിന്നീട്.