മാനന്തവാടി: അക്കാദമിക് വിദഗ്ധൻ പ്രഫ. എം.യു. പൈലി (52) കോവിഡ് ബാധിച്ച് മൈസൂരുവിൽ മരിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിയും മൈസൂർ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ കാമ്പസിൽ പ്രഫസറുമായ പൈലി അർബുദബാധിതനായി ചികിത്സ നടത്തി ഭേദമായതായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം. ഫോട്ടോഗ്രാഫർ, അധ്യാപകൻ, അധ്യാപക പരിശീലകൻ, വിദ്യാഭ്യാസ സാങ്കേതിക വിദഗ്ധൻ എന്നീ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചിരുന്നു. റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠനം പൂർത്തീകരിച്ച അദ്ദേഹത്തിന് അതേ സ്ഥാപനത്തിൽതന്നെ അധ്യാപകനാകാൻ കഴിഞ്ഞു. മൃതദേഹം മൈസൂരുവിൽ സംസ്കരിച്ചു. വെള്ളമുണ്ട മൂഞ്ഞനാട്ട് പരേതനായ കുഞ്ഞപ്പന്റെയും ഏലിക്കുട്ടിയുടെയും ഇളയ മകനാണ്. ഭാര്യ: ജാക്വിലിൻ. മകൾ: ഹെലൻ. സഹോദരങ്ങൾ: മേരി, സെലിൻ, ഷീബ, പരേതനായ ജോർജ്.