റാന്നി: ക്രഷര്‍ യൂനിറ്റില്‍ പാറ മാറ്റുന്ന ടോറസ് ലോറിയുടെ ഡ്രൈവറെ ലോറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെച്ചൂച്ചിറ ചെമ്പനോലി കാവുങ്കല്‍ ക്രഷര്‍ യൂനിറ്റിലെ ഡ്രൈവര്‍ നെടുങ്കണ്ടം കല്ലാര്‍ തണ്ണിമൂട് ബ്ലോക്ക് നമ്പര്‍ 39ല്‍ മീനാക്ഷിഭവന്‍ വി.കെ. തങ്കപ്പന്റെ മകന് എം.ടി. വിനോദാണ് (41) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മണ്ണുമാന്തി ഉപയോഗിച്ച് കോരി മാറ്റുന്ന പാറ ക്രഷര്‍ യൂനിറ്റിലേക്ക് ലോറിയില്‍ മാറ്റുന്ന ജോലിയാണ് വിനോദ് ചെയ്തിരുന്നത്. ടേണില്‍ കിടന്ന ലോറി ഊഴമായിട്ടും എത്താതായതോടെ ജോലിക്കാര്‍ വന്നുനോക്കുമ്പോള്‍ വാഹനത്തില്‍ വീണു കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. വെച്ചൂച്ചൂറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വെച്ചൂച്ചിറ പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: അനിജ. മകള്‍: മീനാക്ഷി.