കായംകുളം: മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചേരാവള്ളി മുരുക്കുംമൂട് കുന്നേൽ ആനന്ദന്റെ ഭാര്യ വിജയമ്മയാണ് (56) മരിച്ചത്. ബുധനാഴ്ച കെ.പി റോഡിലെ റെയിൽവേ മേൽപാലത്തിന് തെക്കുവശം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. ജനുവരി 30ന് ഈ ഭാഗത്ത് സ്ത്രീയെ തീവണ്ടി തട്ടിയതായി ലോക്കോ പൈലറ്റ് റെയിൽവേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കുറ്റിക്കാട്ടിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിജയമ്മയാണ് മരിച്ചതെന്ന് വ്യാഴാഴ്ചയാണ് തിരിച്ചറിഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ഇവർ ഇടക്കിടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകാറുണ്ട്. ഇതാണ് അന്വേഷണത്തിന് തടസ്സമായത്. മക്കൾ: അമ്പിളി, അജിത്ത്, വിജയലക്ഷ്മി.