കായംകുളം: ദേശീയപാതയോരത്ത് കൃഷ്ണപുരം അതിർത്തിചിറയിലെ കുളത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം കുണ്ടറ പള്ളിമൺ സോജുഭവനിൽ സോജുവാണ് (48) മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്തിനുസമീപം രക്തക്കറയും വലിച്ചിഴച്ച അടയാളങ്ങളും കണ്ടതാണ് ദുരൂഹത ഉയർത്തുന്നത്. ദീർഘനാളായി സോജു ഓച്ചിറ ക്ഷേത്രപരിസരം കേന്ദ്രീകരിച്ച് താമസിച്ചുവരുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചയാണ് മൃതദേഹം കടവിനോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നടക്കാനിറങ്ങിയവരാണ് പൊലീസിൽ അറിയിച്ചത്. പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. തലക്ക് പിന്നിൽ മുറിവുണ്ട്. കുളിക്കടവിനോട് ചേർന്ന ഭാഗത്താണ് രക്തക്കറയും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയത്. ഒന്നിലധികം ആളുകളുടെ ഷർട്ടും മുണ്ടുകളും അടക്കം സമീപത്തുനിന്ന് കിട്ടിയതും സംശയം വർധിപ്പിക്കുന്നു. കഞ്ചാവ്-ലഹരി മാഫിയകളുടെ സങ്കേതമായ ഇവിടം സ്ഥിരം പ്രശ്ന കേന്ദ്രമാണ്. ഭിക്ഷാടനസംഘങ്ങളും നാടോടികളും അടക്കം തമ്പടിക്കാറുണ്ട്. അനാശാസ്യ ഇടപാടുകളുടെ കേന്ദ്രമാണെന്ന ആക്ഷേപവും ശക്തമാണ്.കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ തമ്പടിച്ചവരെ ക്കുറിച്ചാണ് പ്രാഥമിക അന്വേഷണം. ആലപ്പുഴയിൽനിന്ന് ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി ജി. ജയദേവ് സ്ഥലത്ത് എത്തി. ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ സംഭവത്തിൽ കൃത്യത വരുത്താനാവൂവെന്ന് പൊലീസ് പറഞ്ഞു.