മണ്ണാർക്കാട്: പ്രമുഖ ഖുർആൻ, ഹദീസ് പണ്ഡിതനും ഖുർആൻ ശബ്ദകോശത്തിന്റെ രചയിതാവുമായ എം.സി. അബ്ദുല്ല മൗലവി (75) നിര്യാതനായി. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, ശാന്തപുരം ഇസ്ലാമിയ കോളേജ്, തിരൂർക്കാട് ഇലാഹിയ കോളേജ്, വാടാനപ്പള്ളി ഇസ്ലാമിയ കോളേജ്, കുറ്റ്യാടി ഇസ്ലാമിയ കോളേജ്, ആലുവ അസ്ഹറുൽ ഉലൂം, കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ്, മണ്ണാർക്കാട് ഇർശാദ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ സമിതി അംഗം, മങ്കട മഹല്ല് ഖാദി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
മേലാറ്റൂര്‍ മസ്ജിദുല്‍ ഇര്‍ശാദ്, മലപ്പുറം, മൊറയൂർ, വണ്ടൂർ, കീഴുപറമ്പ്, തിരൂർക്കാട്, കുറ്റ്യാടി, ആലത്തൂർ, പാലക്കാട്, പുതുനഗരം, കരിങ്കല്ലത്താണി, വടക്കാഞ്ചേരി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പള്ളികളിൽ ഖുതുബ നിർവഹിച്ചിട്ടുണ്ട്. അബ്ദുല്ല മൻഹാമുമായി സഹകരിച്ച് ഖുർആൻ ശബ്ദകോശം പുറത്തിറക്കി. സൗദി കിരീടാവകാശിയായിരുന്ന നാഇഫ് രാജകുമാരന്റെ കീഴില്‍ നടന്ന അന്താരാഷ്ട്ര പ്രബന്ധ മത്സരത്തില്‍ അത്തആമുലു മഅ ഗൈരില് മുസ്ലിമീന്, അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്നീ ശീർഷകങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കെ.സി. ഫൗണ്ടേഷനു കീഴില്‍ നടന്ന ഖുര്‍ആൻ പരിശീലനത്തിന് നേതൃത്വം നല്കി. ഏഴ് വർഷം ഫഹ്മുൽ ഖുർആന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. അബ്ദുല്ല മൻഹാമുമായി സഹകരിച്ചാണ് ശബ്ദകോശം തയാറാക്കിയത്. വിവിധ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സവിശേഷ പഠനം നടത്തുകയും പണ്ഡിതവേദി ചര്‍ച്ചകളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.
പ്രബോധനം, ബോധനം, ആരാമം എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1960-1967 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങൾ നേടി.
പരേതരായ കുഞ്ഞാലിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: പരേതയായ മെഹ്റുന്നിസ. മക്കൾ: തൻസീൽ റഹ്മാൻ, ഇനാം റഹ്മാൻ (മാധ്യമം, മലപ്പുറം ബ്യൂറോ ഇൻ ചാർജ്), നിസാമുദ്ദീൻ (ദുബൈ), സുനൈറ, സൈനബ്. മരുമക്കൾ: സാജിദ (കണ്ണംപിരിയാരം), മുബീന (പടിഞ്ഞാറ്റും മുറി), ജസ്നി (തിരൂർ), ഇസ്മാഈൽ (ശാന്തപുരം), പരേതനായ ഹംസ.