ആലപ്പുഴ: എസ്.ഡി.വി ഹയർസെക്കൻഡറി സ്കൂൾ പ്രഥമ പ്രിൻസിപ്പലും സംസ്കൃത പണ്ഡിതനുമായ ആലപ്പുഴ തലവടി ശ്രീധന്യയിൽ കെ.ആർ. രാജശേഖരൻ നായർ (75) നിര്യാതനായി. 1993ലെ അധ്യാപകർക്കുള്ള സംസ്ഥാന-ദേശീയ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. ഒട്ടേറെ ചലച്ചിത്രങ്ങൾക്കും തിരക്കഥാകൃത്ത് ശാരംഗപാണിയുടെ മലയാള കലാഭവന്റെ വിവിധ നാടകങ്ങൾക്കും ഗാനരചന നിർവഹിച്ചിട്ടുണ്ട്. സർക്കാറിന്റെയും വിവിധ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. നിറക്കൂട്ട്, പുരാണ പ്രശ്നോത്തരി, ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്കൃതഭാഷാ സഹായി എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. സാംസ്കാരിക-വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളിൽ ഒട്ടേറെ ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ വിദ്യാഭ്യാസത്തെക്കുറിച്ച് നൂറിലേറെ പ്രഭാഷണങ്ങളും ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എന്നിവ ഉൾപ്പെടെ നിരവധി സാംസ്കാരിക പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു.
ഭാര്യ: കെ. ലതാദേവി (റിട്ട. ഹെഡ്മിസ്ട്രസ് എസ്.ഡി.വി ഗേൾസ് സ്കൂൾ, ആലപ്പുഴ). മകൻ: ഡോ. ജയൻ ആർ.കൃഷ്ണൻ (എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ). മരുമകൾ: ഉഷാറാണി (എസ്.എൻ.വി എൽ.പി സ്കൂൾ തുമ്പോളി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.