അങ്കമാലി: ഗുഡ്സ് ഷെഡ് തൊഴിലാളി യൂനിയൻ നേതാവ് പിക്അപ് വാനിടിച്ച് മരിച്ചു. അങ്കമാലി ദീപ്തി ഗ്രാമം കോട്ടയ്ക്കവീട്ടിൽ പരേതനായ ഔസേപ്പിന്റെ മകൻ തോമസാണ് (63) മരിച്ചത്. ദേശീയപാതയിൽ അങ്കമാലി റെയിൽവേ സ്റ്റേഷൻ കവലക്ക് സമീപം ചൊവ്വാഴ്ച പുലർച്ച 5.45ഓടെയാണ് സംഭവം. പാതയോരത്തുകൂടി നടന്നുപോകുമ്പോൾ പിക്അപ് വാൻ പിന്നിൽ ഇടിക്കുകയായിരുന്നു. അങ്കമാലി റെയിൽവേ ഗുഡ്സ് ഷെഡ് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതാവാണ്. സി.പി.എം അങ്കമാലി ദീപ്തി ഗ്രാമം ബ്രാഞ്ച് അംഗമാണ്. അപകടത്തിന് ഇടയാക്കിയ വാഹനത്തിലെ ജീവനക്കാരാണ് തോമസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, തോമസ് മരിച്ചെന്നറിഞ്ഞതോടെ ജീവനക്കാർ മുങ്ങി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവരെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: മേരി (അങ്കമാലി ഡിസ്റ്റ് ). മക്കൾ: നിഖിൽ (സി.പി.എം ദീപ്തി ബ്രാഞ്ച് അംഗം), നിഖിത. മരുമകൻ: നിധിൻ.