ആലത്തൂർ: കോഴി കയറ്റി പോകുന്ന വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുംബൈയിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന എരിമയൂർ മരുതക്കോട് ശാസ്താനിലയത്തിൽ ജി. ശങ്കറാണ് (48) മരിച്ചത്. തിരുവില്വാമലയിലാണ് അപകടം സംഭവിച്ചത്. കോവിഡിനെ തുടർന്ന് നാട്ടിൽ വന്ന ശങ്കർ ഭാര്യ ധന്യയുടെ പേരാമംഗലത്തെ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. തിരുവില്വാമലയിലുളള കൂട്ടുകാരന്റെ പിതാവ് മരിച്ചതിന്റെ ചടങ്ങിൽ പങ്കെടുക്കാൻ ബുധനാഴ്ച പുലർച്ച പേരാമംഗലത്തെ വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. രാവിലെ 5.30നായിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പേരാമംഗലത്ത് എത്തിച്ചു. അവിടെ നിന്ന് ഒമ്പതിന് എരിമയൂരിലെ വീട്ടിലെത്തിച്ചു. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: സരസ്വതി. ഭാര്യ: ധന്യ. മക്കൾ: ദർശന, അഞ്ജു. സഹോദരങ്ങൾ: പ്രേമൻ, വൃന്ദ, കലാവാണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.