പത്തിരിപ്പാല: കൂത്ത്-കൂടിയാട്ട കലാകാരനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ഗുരുമാണി ദാമോദര ചാക്യാർ (76) ലക്കിടി കിള്ളിക്കുറുശ്ശിമംഗലം വീട്ടിൽ അന്തരിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും കലാരംഗങ്ങളിലും കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. കൂട്ടിയാട്ടത്തിൽ അഭിനയ പ്രധാനമായ നായക വേഷങ്ങളും വാചിക പ്രധാനങ്ങളായ വിദ്ദേഷകവേഷങ്ങളും അവതരിപ്പിക്കാറുണ്ട്. നാട്യാചാര്യനും ഗുരുവുമായ മാണി മാധവചാക്യരുടെ സംഘം എന്ന നിലയിലും സ്വന്തം നിലയിലും കേരളത്തിനു പുറത്തും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ വകുപ്പിന്റെ ജൂനിയർ- സീനിയർ ഫെലോഷിപ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പിതാവ്: കാമ്പ്രത്ത് പത്മനാഭൻ നമ്പൂതിരി (കൊട്ടിയൂർ ക്ഷേത്രം മുൻ തന്ത്രി). മാതാവ്: മാണിചാക്യാർമഠത്തിൽ അമ്മിണി ഇല്ലോടമ്മ. ഭാര്യ: പടിഞ്ഞാറെ കോച്ചമ്പിള്ളി മഠത്തിൽ ഉഷ. മക്കൾ: അജിത് (അധ്യാപകൻ എസ്.എസ്.ഒ.എച്ച്.എസ് ലെക്കിടി), ശ്രീജിത് (അധ്യാപകൻ ഗവ. എച്ച്.എസ്.എസ് കടമ്പൂർ), സംഗീത (അധ്യാപിക കണ്ണാടി എച്ച്.എസ്.എസ്). മരുമക്കൾ: ഡോ. അഞ്ജന, ശ്രീകുമാർ. സഹോദരങ്ങൾ: പത്മാവതി ഇല്ലോടമ്മ, രുഗ്മിണി ഇല്ലോടമ്മ, മാണി നീലകണ്ഠ ചാക്യാർ.