ചെങ്ങന്നൂർ: മഹാത്മാഗാന്ധിജിയെ നേരിൽ കണ്ട തികഞ്ഞ ഗാന്ധിയനായ മാന്നാർ കുരട്ടിക്കാട് മീനത്തേതിൽ വി.കെ. അഴകൻ (മാന്നാർ ഗാന്ധി -98) നിര്യാതനായി. അധ്യാപകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നേതാവ്, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. വേഷത്തിൽ മഹാത്മാഗാന്ധിയെപ്പോലെ തോന്നിച്ചിരുന്നതിനാൽ അഴകൻ ‘മാന്നാർ ഗാന്ധി’ എന്ന് അറിയപ്പെട്ടിരുന്നു. ചെറുപ്പകാലത്ത് സ്കൂളിൽ പോകാതെ സ്വാതന്ത്ര്യ സമരപോരാളികളിൽ പ്രമുഖരുടെ പ്രസംഗം കേൾക്കാൻ പോകുന്നത് ഇഷ്ടമായിരുന്നു. വൈക്കം സത്യഗ്രഹം കഴിഞ്ഞ് മഹാത്മാഗാന്ധി ചെങ്ങന്നൂരിൽ എത്തിയപ്പോൾ നാലാംക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന അഴകൻ ക്ലാസ് കട്ട്ചെയ്ത് ഗാന്ധിജിയെ കാണാൻ പോകുകയും അതിന്റെ പേരിൽ ഒരാഴ്ച സ്കൂളിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇന്റർമീഡിയറ്റും മെട്രിക്കും ഉയർന്ന മാർക്കോടെ പാസായ അഴകൻ 1947ൽ മൂവാറ്റുപുഴ എൻ.എസ്.എസ് സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അയർക്കുന്നം, ആലപ്പുഴ, പാവുക്കര, പുലിയൂർ, കുരട്ടിക്കാട് എന്നിവിടങ്ങളിലെ എൽ.പി സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. 1982ൽ മാന്നാർ കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ സ്കൂളിൽനിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. പിന്നീട് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സാംസ്കാരിക പരിപാടികളിൽ ഗാന്ധിജിയുടെ വേഷമിട്ട് പങ്കെടുക്കുമായിരുന്നു. ഗാന്ധിതൊപ്പി ധരിക്കുന്നതും സ്ഥിരമായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഴകൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഭാര്യ: പരേതയായ മാധവി. മക്കൾ: ഗോപിനാഥൻ, ചന്ദ്രബോസ് (റിട്ട. മധ്യപ്രദേശ് ഇലക്ട്രിസിറ്റി), മണിയൻ (റിട്ട. മഹാരാഷ്ട്ര ഇലക്ട്രിസിറ്റി), രവീന്ദ്രൻ, ജെയിൻ (കെ.എസ്.ഇ.ബി, മാന്നാർ). മരുമക്കൾ: കമലമ്മ, ശാന്തമ്മ, മണിയമ്മ, വിജയമ്മ, ജയലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.