ആറാട്ടുപുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് അകത്തുകായലിൽ അനിയുടെ മകൻ അരുണാണ് (19) മരിച്ചത്.
കൂടെയുണ്ടായിരുന്ന അകത്തുകായലിൽ വിധുവിന്റെ മകൻ യദുകൃഷ്ണൻ (19) പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയിൽ ആറാട്ടുപുഴ പത്തിശ്ശേരിൽ ജങ്ഷന് തെക്കായിരുന്നു അപകടം. തൃക്കുന്നപ്പുഴ ഭാഗത്തുനിന്ന് കള്ളിക്കാട്ടേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ് അരുൺ മരിച്ചത്. എറണാകുളത്ത് നിർമാണ കമ്പനിയിലെ തൊഴിലാളിയാണ്. മാതാവ്: സരിത. സഹോദരൻ: അനന്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.