കുട്ടനാട്: ക്ഷീരസംഘത്തിൽ പാൽ അളക്കാൻ വള്ളത്തിൽ പോയ മത്സ്യത്തൊഴിലാളി കായലിൽവീണ് മരിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് അരയശേരി വീട്ടിൽ പുരുഷനാണ് (59) മരിച്ചത്. വ്യാഴാഴ്ച പുലർച്ചയാണ് ഇദ്ദേഹം വെള്ളത്തിൽ വീണതെന്ന് കരുതുന്നു. പുലർച്ച വീട്ടിൽനിന്ന് വള്ളത്തിൽ കുട്ടമംഗലത്തുള്ള ക്ഷീരസംഘത്തിലേക്ക് പോയതാണ്. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം വലയിടാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്നും നാട്ടുകാർ പറയുന്നു. രാവിലെ ഏഴോടെ മീനപ്പള്ളി വട്ടക്കായലിലെ ടൂറിസ്റ്റ് ടെർമിനലിനു സമീപം വള്ളം ഒഴുകിനടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടു. പുരുഷന്റെ വള്ളമാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പുളിങ്കുന്ന് പൊലീസും ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ പത്തോടെ ചൂണ്ടയിൽ കുടുങ്ങിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്മാർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: സുധർമ. മക്കൾ: നിഷ, നിധിൻ. മരുമകൻ: അനിൽകുമാർ.