ചെങ്ങന്നൂർ: യുവാവിനെ താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം പത്തനാപുരം വിളക്കുടി പാലവിള പുത്തന്‍വീട്ടില്‍ രാഹുലാണ് (20) മരിച്ചത്. പ്രേമനൈരാശ്യത്തിൽ യുവാവ് ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂരിൽ പാണ്ടനാട് ഒമ്പതാംവാർഡിൽ പ്രവർത്തിക്കുന്ന ഇന്റര്‍ലോക്ക് നിര്‍മാണ യൂനിറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം. സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന രാഹുൽ കൊട്ടാരക്കര സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് യുവതി രാവിലെ പാണ്ടനാട്ടിലെ ഇന്റര്‍ലോക്ക് നിര്‍മാണ യൂനിറ്റിലെത്തിയെങ്കിലും കാണാനായില്ല. ഏറെനേരത്തിനുശേഷം താമസസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പൊലീസെത്തി നടപടി സ്വീകരിച്ചു. യുവതിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചതായി പൊലീസ് പറഞ്ഞു.