ചെങ്ങന്നൂർ: ചെറിയനാട്ടും മുളക്കുഴയിലും വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു. കോഴഞ്ചേരി-മാവേലിക്കര റോഡിൽ ചെറിയനാട് പടനിലം ജങ്ഷന് സമീപം ബൊലേറോ ജീപ്പിടിച്ച് ബൈക്ക് യാത്രികനായ ബുധനൂർ പെരിങ്ങിലിപ്പുറം കുന്നേൽ ലക്ഷംവീട് കോളനിയിൽ അനൂപ് ഭവനത്തിൽ രാമചന്ദ്രൻ (56) മരിച്ചു. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. മൈക്ക് ഓപറേറ്റർ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: കമലമ്മ. മക്കൾ: അനു, പ്രിയ.
എം.സി റോഡിൽ മുളക്കുഴയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികനായ പന്തളം കുരമ്പാല ആലുവിളയിൽ തെക്കേതിൽ വീട്ടിൽ രാജേന്ദ്രൻ (60) മരിച്ചു. ഗുരുതര പരിക്കേറ്റ് റോഡിൽ അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ എസ്.ഐ അനിരുദ്ധൻ, എ.എസ്.ഐ ജയകുമാർ, ഹോം ഗാർഡ് ജോർജ് എന്നിവർ ചേർന്ന് പൊലീസ് ജീപ്പിൽ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.