ചെങ്ങന്നൂർ: ബൈക്കിന്റെ ടയർപൊട്ടി നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ആരോഗ്യ പ്രവർത്തകയും ബന്ധുവും മരിച്ചു.തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യൻ ചാരുംമൂട് ചുനക്കര തെക്ക് നമ്പോഴില്‍ ജയിന് വില്ലയില്‍ ജെന്‍സി ആന്‍ ജോസ്(25), ചാരുംമൂട് ചുനക്കര തെക്ക് കൊപ്പാറയില്‍ എ.ജെ. വില്ലയില്‍ അലന് ജെ.തോമസ്(27) എന്നിവരാണ് മരിച്ചത്. ജെന്‍സിയെ ജോലിസ്ഥലത്ത് കൊണ്ടുവിടാൻ പോകുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. പമ്പാ നദിക്ക് കുറുകെ ചെങ്ങന്നൂർ മുണ്ടൻകാവ് കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന് സമീപംവെച്ച് അലനും ജെൻസിയും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിറകുവശത്തെ ടയർ പൊട്ടുകയായിരുന്നു. നിയന്ത്രണംവിട്ട് ബൈക്ക് എതിരെ പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചു. കോട്ടയം ഭാഗത്തുനിന്നും അടൂരിലേക്ക് വരുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റ് ബസ്. ഗുരുതര പരിക്കേറ്റ ഇരുവരെയും ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചെങ്ങന്നൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.