തൃപ്പൂണിത്തുറ: സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കൊച്ചി രാജകുടുംബാംഗം കെ.ടി. രവിവർമ (കുഞ്ഞുണ്ണി വർമ -85) മുംബൈയിലെ വസതിയിൽ നിര്യാതനായി. സംസ്കാരം അവിടെ നടത്തി.
മദ്രാസ്, ബോംബെ സർവകലാശാലകളിലായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ശാസ്ത്രകാരൻ, ചരിത്രകാരൻ, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഇദ്ദേഹം മുംബൈ എസ്.ഐ.ഇ.എസ് കോളജിൽ ജന്തുശാസ്ത്ര വിഭാഗം മേധാവിയായിരുന്നു. ആര്യന്മാരുടെ ഉദ്ഭവം, മരുമക്കത്തായം, ഋഗ്വേദം മുതൽ ഓണപ്പാട്ടു വരെ, പണ്ടത്തെ മലയാളക്കര, പരശുരാമൻ - ഒരു പഠനം, തൃപ്പൂണിത്തുറ വിജ്ഞാനം തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഡോ.ബി.ആർ. അംബേദ്കറുടെ സമ്പൂർണ കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. രൺജിത് ദേശായി മറാത്തിയിൽ രചിച്ച ‘രാജാ രവിവർമ’ വിവർത്തനം ചെയ്തു. ഇതിന് 1999ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ‘മരുമക്കത്തായം’ എന്ന കൃതിക്ക് 2005ൽ വൈജ്ഞാനിക സാഹിത്യവിഭാഗത്തിൽ അക്കാദമി ബഹുമതി ലഭിച്ചു. സന്ത് ജ്ഞാനേശ്വറിന്റെ ‘ജ്ഞാനേശ്വരി’ മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ‘കേരള ആധ്യാത്മിക ചരിത്രം’ എന്ന പുസ്തകം അച്ചടിയിലിരിക്കുകയാണ്. ഭാര്യ: ഉഷ. മകൻ: ഉദയൻ. മരുമകൾ: ചന്ദ.