അമ്പലപ്പുഴ: കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് ചെത്തുതൊഴിലാളി തായങ്കരി പത്തിൽച്ചിറയിൽ ശശിയുടെ മകന് പി.എസ്. ശ്യാംകുമാർ (41) മരിച്ചു.
ദേശീയ പാതയിൽ വണ്ടാനം പോസ്റ്റ് ഓഫിസിനു സമീപം ബുധനാഴ്ച ഉച്ചക്ക് 2.45 ഓടെയായിരുന്നു അപകടം. ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാൻ ശ്യാംകുമാര്‍ സ്കൂട്ടറില്‍ പോകുകയായിരുന്നു.
പിന്നാലെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം തെറ്റി ശ്യാംകുമാര്‍ റോഡിലേക്കു വീണു. ലോറിയുടെ പിൻഭാഗത്തെ ചക്രങ്ങൾ ശരീരത്തിലൂടെ കയറി ശ്യാംകുമാർ തൽക്ഷണം മരിച്ചു.
പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: പ്രവിത. മക്കള്‍: ഒരു വയസ്സുള്ള ആദിദേവും അശ്വദേവും.