കാടാമ്പുഴ: മലപ്പുറം ജില്ല പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ മാസ്റ്റർ (62) നിര്യാതനായി. കാടാമ്പുഴ -മരവട്ടം സ്വദേശിയാണ്. ആതവനാട് ഡിവിഷനെയാണ് ജില്ല പഞ്ചായത്തിൽ പ്രതിനിധാനം ചെയ്തത്. 2016ൽ 33 വർഷത്തിനു ശേഷം കാടാമ്പുഴ എ.യു.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. നാലുവർഷം മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, ദീർഘകാലം യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ജനകീയാസൂത്രണം സംസ്ഥാന -ജില്ല റിസോഴ്സ് പേഴ്സൻ, ലഹരി വിരുദ്ധ സമിതി എംപ്ലോയീസ് വിങ്ങിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, പത്തായക്കല്ല് സലഫി മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ (പ്രധാനാധ്യാപിക, പാറപ്പുറം ജി.എൽ.പി സ്കൂൾ). മക്കൾ: ഫെബിൻ സാബിഖ്, ഫാഹിസ്, ഡോ. ഫിദ ഷെറിൻ. മരുമക്കൾ: ഹിഫ്സുർറഹ്മാൻ, ഷഹ്ന, ഡോ. ഷഹല. കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് മാസ്റ്റർ സഹോദരനാണ്. ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് പത്തായക്കല്ല് സലഫി മസ്ജിദിൽ.