ഫോർട്ട്കൊച്ചി: പശ്ചിമ കൊച്ചിയുടെ ഹൃദയം കവർന്ന ഗായകൻ ഇബ്രാഹീം തുരുത്തി (സി.എ. ഇബ്രാഹീം -80) നിര്യാതനായി. കൊച്ചിയുടെ ജനകീയ ഗായകൻ എച്ച്.മെഹ്ബൂബിന്റെ അപരൻ എന്ന രീതിയിലും അറിയപ്പെട്ടു. മെഹബൂബിന്റെ തനത് ആലാപന ശൈലിയും ശരീര ചലനങ്ങൾ വരെയും അതേപടി സംഗീതപ്രേമികളെ ഓർമപ്പെടുത്തിയിരുന്ന ഇബ്രാഹീമിന് അദ്ദേഹത്തിന്റെ എല്ലാഗാനങ്ങളും ഹൃദിസ്ഥമായിരുന്നു. രണ്ടുവർഷം മുമ്പുവരെയും പശ്ചിമ കൊച്ചിയിലെയും മലബാറിലെയും വേദികളിൽ സജീവമായിരുന്നു. ഒരു വർഷമായി കിടപ്പിലായിരുന്നു. ആറ് പതിറ്റാണ്ടിലധികം കലാലോകത്ത് നിറഞ്ഞുനിന്നെങ്കിലും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ചാലംപാട്ട് വീട്ടിൽ പരേതനായ അലവിയുടെ മകനാണ്. ഭാര്യ: സുഹ്റ. മക്കൾ: സുധീർ, അഷ്റഫ്, ജാസ്മിൻ, സീനത്ത്. മരുമക്കൾ: ഫാറൂഖ്, അക്ബർ, സജീന, സാജിത.