ഫോർട്ട്കൊച്ചി: സിനിമ ചിത്രീകരണത്തിന് കാമറയുമായി വന്ന കാർ ഫോർട്ട്കൊച്ചി ഇമ്മാനുവൽ ദേവാലയത്തിനുമുന്നിൽ പാഞ്ഞുകയറി പ്രാർഥനക്കെത്തിയ വയോധികൻ മരിച്ചു. സൈക്കിൾ, ബൈക്ക് യാത്രികരായ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഫോർട്ട്കൊച്ചി സെന്റ് ജോൺ പാട്ടം പുത്തൻപുരക്കൽ വീട്ടിൽ പി.ഡി. ആന്റണിയാണ് (63) മരിച്ചത്. സംഭവത്തിൽ ബൈക്ക് യാത്രികനായ ഫോർട്ട്കൊച്ചി സ്വദേശി ബെൻസൻ (26), സൈക്കിൾ യാത്രികനായ മറ്റൊരാൾ എന്നിവരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബെൻസന്റെ കാലിനാണ് പരിക്ക്.
തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ഫോർട്ട്കൊച്ചിയിലെ സ്വകാര്യ കെട്ടിടത്തിൽ നടക്കുന്ന സിനിമ ഷൂട്ടിങ്ങിന് കാമറയുമായി കാക്കനാട്ടുനിന്ന് വരുന്ന കാറാണ് അപകടം സൃഷ്ടിച്ചത്. നിയന്ത്രണംവിട്ട കാർ സൈക്കിൾ, ബൈക്ക്, ഓട്ടോ എന്നിവ ഇടിച്ചിട്ടശേഷം ഇമ്മാനുവൽ പള്ളിയുടെ കമ്പിവേലി തകർത്ത് ഇടിച്ചുനിന്നു. കാറിലുണ്ടായിരുന്ന മൂന്നുപേർക്ക് കാര്യമായ പരിക്കില്ല. മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ടതാണെന്ന് പറയുന്നു. ആന്റണിയുടെ ഭാര്യ: എൽസി. മക്കൾ: ആൻസൽ, ആൻസി. മരുമക്കൾ: ചിന്നു, അഖിൽ. തോപ്പുംപടി പൊലീസ് കേസെടുത്തു.