അടിമാലി/കോട്ടയം: തലയോലപ്പറമ്പ് കീഴൂര്‍ ഡി.ബി. കോളജിൽനിന്നുള്ള വിനോദയാത്ര സംഘത്തിലെ വിദ്യാർഥി ആനക്കുളത്തിനും കുറത്തിക്കുടിക്കും ഇടയിലെ വല്യപാറക്കുട്ടി ഭാഗത്ത് പുഴയില്‍ വീണ് മരിച്ചു. പി.ജി ജേണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥി കീഴൂര്‍ മടക്കത്തടത്തില്‍ വീട്ടില്‍ ജിഷ്ണുവാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. പുഴക്കരയിലെ മരവള്ളിയിൽ ഉൗഞ്ഞാലാടുന്നതിനിടെ പൊട്ടിവീണ് കയത്തിൽ പതിച്ചാണ് അപകടം. വീഴ്ചയിൽ തല പാറയിലിടിച്ചതാകാം മരണകാരണമെന്ന് കരുതുന്നു. മറ്റു വിദ്യാർഥികള്‍ ബഹളംവെച്ചതോടെ പ്രദേശത്തുണ്ടായിരുന്നവർ ജിഷ്ണുവിനെ കരക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അടിമാലി പൊലീസ് കേസെടുത്തു. 13 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പെടെ 17പേർ ചൊവ്വാഴ്ചയാണ് കോളജിൽനിന്ന് പുറപ്പെട്ടത്. മൂന്നുദിവസത്തെ യാത്രയാണ് നിശ്ചയിച്ചിരുന്നത്. കീഴൂർ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി മടക്കത്തടത്തിൽ ഷാജിയാണ് മരിച്ച ജിഷ്ണുവിന്റെ പിതാവ്. മാതാവ്: പ്രഭ. സഹോദരി: അഞ്ജന. സംസ്കാരം പിന്നീട്. അപകടം നടന്ന പുഴയുടെ ഭാഗത്തെത്താന്‍ കുറത്തിക്കുടി ആദിവാസി കോളനിക്കടുത്തുനിന്ന് കിലോമീറ്ററുകളോളം വനത്തിലൂടെ നടക്കണം. സഞ്ചാരികളെയും കൊണ്ട് നിരവധി ജീപ്പുകാര് ഈ ഭാഗത്തേക്ക് എത്തുന്നുണ്ട്.