പല്ലശ്ശന: യുവതിയുടെ മൃതദേഹം ജീർണാവസ്ഥയിൽ കണ്ടെത്തി. പല്ലശ്ശന ഒഴുവുപാറ പി.സി പറമ്പ് ഷൺമുഖന്റെ ഭാര്യ ജപമാല മേരിയെയാണ് (42) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുദിവസത്തെ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ദുർഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാർ വീട്ടിലെത്തി മൃതദേഹം കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് ഷൺമുഖൻ മറ്റൊരു ഭാര്യയുമൊത്ത് കഴിയുകയാണെന്നും ഇടക്കിടെ പല്ലശ്ശനയിലെത്തി ജപമാല മേരിയുമായി വഴക്കിടാറുണ്ടെന്നും കൊല്ലങ്കോട് പൊലീസ് പറഞ്ഞു. ഭർത്താവിന്റെ പീഡനങ്ങൾക്കെതിരെ വൈദ്യുതി മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് കൊല്ലങ്കോട് പൊലീസ് അന്വേഷണം നടത്തിയിരുന്നു.ചിറ്റൂർ തഹസിൽദാർ അമൃതവല്ലിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ജില്ല ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. വിഷം അകത്തുചെന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ, സയന്റിഫിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. കോഴിപ്പാറ സ്വദേശിയാണ് ജപമാല മേരി. സഹോദരങ്ങൾ: ഇറുദയരാജ്, റാണി, ലൂർദ് മേരി.